പത്താം ക്ലാസ് മരണം - ഒരു ഫ്ലാഷ് ബാക്ക്
------------------------------
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന വര്ഷം ! പൊതുജന വിദ്യാഭ്യാസ സമിതി ഹൈ സ്കൂൾ (PVSHS ,പറപൂക്കര ,തൃശൂർ ,1973 -74). കൗമാര പ്രായം ..ഇടതുഭാഗത്തിരിക്കുന്ന പെണ്‍കുട്ടികളെയും , പുതിയതായി ജോലിക്ക് വന്ന സുന്ദരികളായ ടീച്ചര്മാരെയും വേറെ കണ്ണിലൂടെ കണ്ട് തീരുമ്പോഴേക്കും പിരിയാൻ തുടങ്ങുന്ന വര്ഷം ..അതുവരെ ഒരുമിച്ച് നടന്ന് ,വഴിവക്കിലെ മാവുകളില്നിന്നു മാങ്ങ തിന്ന് , ഉച്ചക്ക് ഒന്നും തിന്നാൻ കിട്ടാതെ വരുമ്പോൾ അടുത്തുള്ള പള്ളിയിൽ ചെന്നിരുന്ന് സമയം കളയുന്ന ,കൂട്ടുകാരെ പിരിയുന്ന വര്ഷം . അതിനേക്കാളുപരി , തലേ വര്ഷം വരെ , ന്യൂസ് പേപ്പറിൽ നമ്പർ ഉണ്ടോന്ന് നോക്കി ,നിരാശപെട്ടിരുന്ന എന്റെ സഹോദരങ്ങളുടെയും അടുത്തുള്ളവരുടെയും ദുഃഖം , വീട്ടിൽ വഴക്കുപറച്ചിൽ, കരച്ചിൽ , ഭക്ഷണം കഴിക്കാതിരിക്കൽ , ചേട്ടനൊഴികെ വേറെയാരും തോറ്റത് പഠിച്ച് SSLC പാസ്സാകാൻ ശ്രമിക്കാതിരിക്കൽ , പത്താം ക്ലാസ് തോറ്റു വീട്ടിലിരിക്കയാണെ ന്നുള്ള പരിഹാസം ..ഒരു 15 കാരന്റെയോ 15 കാരിയുടെയോ ഇളം മനസ്സിൽ പല സാഹസങ്ങൽക്കും തോന്നാവുന്ന അന്തരീക്ഷം . വെട്ടിയാടൻ ചന്ദ്രു തലേ കൊല്ലം പാടത്ത് മരിച്ചു കിടന്നതിന് വേറെ കാരണങ്ങളും ഉണ്ടായേക്കാം ..ഇതൊക്കെ മനസ്സിൽ വച്ചു കൊണ്ടാണ് ഞാനും പത്താം ക്ലാസിലെത്തിയത് ..
എങ്കിലും , ആദ്യമായും അവസാനമായും സ്കൂൾ വിനോദയാത്രക്ക് ഞാൻ വാശി പിടിച്ചു .അത് എല്ലാ പത്താം ക്ലാസ് വിദ്യാര്ത്തികളുടെ ഒരവകാശമാണ് ; ബാക്കിയുള്ളവർ പോയിരുന്നില്ല എന്നുള്ളത് ,എനിക്ക് ബാധകമല്ല .. അവസാനം പോയി . സ്ഥിരം പീച്ചി -മലമ്പുഴ ടൂർ . അതുപോലെ ആസ്വദിച്ച ഒരു വിനോദയാത്ര പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല . ബസിലിരുന്നും ,ഉദ്യാനങ്ങലിലിരുന്നും പാട്ട് പാടലും , കൂട്ടായി ഭക്ഷണം കഴിക്കലും ,വഴി മാറിനടക്കാൻ ശ്രമിക്കുന്നവരെ കൂട്ടത്തിലേക്ക് കൊണ്ടുവരുന്നതും ,അവരുടെ ചമ്മലും , ഒരു രാത്രി മാത്രമുള്ള അവസരം , പാലക്കാട് ഗൌഡർ തിയ്യേറ്ററിൽ 'തെക്കന്ക്കാറ്റ് 'എന്ന മധുവും ശാരദയും അഭിനയിച്ച പ്രേമ സിനിമ കണ്ടതും , പിറ്റേ ദിവസം മടങ്ങുമ്പോൾ വാങ്ങിയ പാട്ടുപുസ്തകം നോക്കി ,"പ്രിയമുള്ളവളെ , നിനക്കുവേണ്ടി .."എന്ന പാട്ട് ഉച്ചത്തിൽ പാടിയതും ..അവസാനം സുന്ദരമായ ഒരു ഓട്ടോഗ്രാഫ് പുസ്തകം സ്വയമുണ്ടാക്കി , അതിൽ വേണ്ടപെട്ടവരെകൊണ്ടെല്ലാം ഓട്ടോഗ്രാഫ് എഴുതിച്ച് ,അത് ഇടക്ക് മറച്ചുനോക്കി പരീക്ഷക്ക് തയ്യാറെടുത്തതും, എല്ലാം "എങ്ങിനെ ഞാൻ മറക്കും , കുയിലേ.. "
എന്തൊരു ടെൻഷനായിരുന്നു പരീക്ഷാകാലത്ത് . ഞാൻ പൊതുവെ ടെൻഷൻകാരനാണ് .എന്നാലും ഇങ്ങനെയുണ്ടോ ഒരു ടെൻഷൻ ? വായിച്ചു അപ്പോൾ വച്ചതുപോലും വീണ്ടും തുറന്നുനോക്കുമ്പോൾ ഓര്മ വരാതിരിക്കുക , ചരിത്രത്തിലെ കൊല്ലങ്ങൾ തെറ്റിക്കുക , ഹിന്ദിയിലെയും ഇന്ഗ്ലീഷിലെയും എന്തിന് മലയാളത്തിലെയും ഗ്രാമർ തെറ്റിക്കുക , കണക്കിലെ അടുത്ത സ്റ്റെപ്പുകൽ മറക്കുക , ദൈവമേ അതൊന്നും ചോദിക്കാതിരിക്കേണമേ .."നീ പശുവിന് വെള്ളം കൊടുത്തോ ?"അമ്മ . അരിശം ഉള്ളിലൊതുക്കി ഞാൻ കുറെ വെള്ളമെടുത്ത് കുടിക്കും .അത് വരെ , അമ്പത് ശതമാത്തിൽനിന്ന് മേലേക്ക് പൊങ്ങാത്ത സ്കൂളിലെ ,വളരെ കണിശക്കാരനായ HM നാരായണൻ കർത്താ , ചൂരലുമായി കറങ്ങിനടക്കുന്നുണ്ടാകും , പ്രത്യേകിച്ചും പത്താം ക്ലാസ്സുകാർ കറങ്ങുന്നത് കണ്ടാൽ ചൂരൽ കഷായം ഉറപ്പ് .ഒന്നോ രണ്ടോ ഫസ്റ്റ് ക്ലാസുകൾ കിട്ടിയാൽ ,ആ കുട്ടികളെ അസ്സംബ്ലിയിൽ വച്ച് തന്നെ അദ്ദേഹം അഭിനന്ദിക്കും .. അവരുടെ നിലനില്പ്പിന്റെ പ്രശ്നമാണെന്നൊക്കെ ഇപ്പോഴല്ലേ മനസ്സിലാവുന്നത് . എട്ടാം ക്ലാസിലും ഒമ്പതിലുമൊക്കെ തോറ്റ മുതിര്ന്ന ചേട്ടന്മാരും ചേച്ചിമാരും കൂടെ അപ്പുറത്തും ഇപ്പുറത്തും സമാധാനമായി എഴുതുന്നു .ഞാൻ എല്ലാ പേപ്പറിലും റെജിസ്ടർ നമ്പർ എങ്കിലും തെറ്റല്ലേ എന്ന് വിചാരിച്ച് പേപ്പറിൽ മാത്രം ശ്രദ്ധ . ചേട്ടന്മാർ കളിയാക്കികോട്ടെ .പ്രശ്നമില്ല ..പരീക്ഷ എല്ലാം കഴിഞ്ഞപ്പോൾ എന്തൊരാശ്വാസമായിരുന്നു .സൊല്ല കഴിഞ്ഞ് കിട്ടിയല്ലോ . പിന്നെ ഒരടിച്ചുപൊ ളിയായിരുന്നു , സിനിമക്ക് പോകുക , കുളത്തിൽ മണിക്കൂറുകളോളം നീന്തി തുടിക്കുക ,തുടങ്ങിയവയൊക്കെയായിരുന്നു കലാപരിപാടികൾ . പക്ഷെ അത് 2-3 ദിവസത്തിനപ്പറം പോയില്ല .മറ്റുള്ള കുട്ടികൾ എഴുതിയ ഉത്തരങ്ങൾ കേട്ട് ആകെ നിരാശനാവാൻ അധികം സമയം വേണ്ടിവന്നില്ല . കൂട്ടലും കിഴിക്കലും കഴിച്ച് പാസാാകുമൊ എന്തോ ? ഒരെണ്ണത്തിൽ തോറ്റാലും അന്ന് തോല്ക്കലാണ് .രണ്ടുമാസത്തോളം അതുപോലെയുള്ളോരു ടെന്ഷൻ പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല . പത്താം ക്ലാസ് റിസൽട്ട് വരുന്നത് വരെ ..
No comments:
Post a Comment