Tuesday 14 July 2015

SOCIAL MIND
കലാലയ ജീവിതം ഇങ്ങനെയും -
------------------------------
-------
  എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഞാൻ പത്താം ക്ലാസ് പാസ്സായി (1974 ). ഹെഡ് മാസ്റ്റർ നാരായണൻ കര്ത്താ ആദ്യമായിട്ടൊന്ന് ചിരിച്ചു . അതുവരെയുള്ള വർഷങ്ങളിലേക്കാൾ കൂടുതൽ മാര്ക്ക് കണ്ടിട്ടാകാം . എന്തിനാണ് ചേരുന്നതെന്ന് ചോദിച്ചു . തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞു .എന്തൊക്കെയാണ് കോഴ് സുകളൊക്കെ എന്നറിഞ്ഞാലല്ലേ പറയാൻ പറ്റൂ .(അന്ന് സാറിനോട് ചോദിച്ചാൽ മതിയായിരുന്നു ; പക്ഷെ ഒന്ന് ചിരിച്ചു എന്ന് വിചാരിച്ച് അമിതസ്വാതന്ത്ര്യം വേണ്ട എന്ന് വിചാരിച്ചു ). കോളേജിൽ ചേരേണ്ട സമയമായപ്പോൾ അടുത്തുള്ള എന്റെ LP സ്കൂൾ ഹെഡ് അന്തോണി മാഷെ കണ്ടു . പാടം പണിയിപ്പിക്കുന്നതിൽ നിന്ന് അപ്പോൾ വന്നിട്ടേ ഉള്ളൂ . എന്റെ SSLC പുസ്തകം നോക്കി ,"ആനന്ദന് കണക്കിലാണ് കൂടുതൽ മാര്ക്ക് .അതുകൊണ്ട് ഫസ്റ്റ് ഗ്രൂപ്പ് ആണ് എടുക്കേണ്ടത് ". എന്റെ താല്പര്യങ്ങളൊന്നും ആള് ചോദിച്ചത് പോലുമില്ല . അദ്ദേഹം തന്നെ അപ്പ്ലിക്കേഷൻ പൂരിപ്പിച്ചു തന്നു .ഞാനത് ,എനിക്കെളുപ്പം പോയിവരാവുന്ന ഇരിഞ്ഞാലക്കുട ക്രയ്സ്റ്റ് കോളേജിൽകൊണ്ടുകൊടുത്തു .2 മാസം കഴിഞ്ഞപ്പോൾ കണക്ക് മടുത്തു . അടുത്ത് രണ്ടാം ഗ്രൂപ്പിന് പഠിക്കുന്ന ദിവാകരനുണ്ട് ;ആളുടെ റിക്കോര്ട്  നോക്കി എഴുതാം ,സംശയങ്ങളും ചോദിക്കാം .പ്രിന്സിപ്പാൽ ഗബ്രിയേലച്ചനെ കണ്ടു .ആള് സമ്മതം മൂളി .പിന്നെ രണ്ടാം ഗ്രൂപ്പിലായി പഠനം .
         ക്രയ്സ്റ്റ് കോളേജ് ദേവമാത പ്രൊവിൻഷ്യലിന്റെ കീഴിലുള്ള ക്രിസ്ത്യൻ കോളേജ് ആണ് . ഗബ്രിയേലച്ചനാണ് അതിന്റെ സ്ഥാപകനും പ്രിന്സിപാളും . ഞാൻ ചേരുന്നതിന് മുമ്പ് അവിടെ പഠിച്ചുപോയ ചിലരാണ് ,ഇപ്പോഴത്തെ ISRO ചെയർമാൻ രാധാകൃഷ്ണൻ , ഇപ്പോഴത്തെ DIG സെൻകുമാർ , സംവിധായകൻ കമൽ , കാന്സർ ചികിത്സ വിദക്തൻPV ഗംഗാധരൻ തുടങ്ങിയവർ . എന്നാൽ അതിലൊന്നും പെടാത്ത , അച്ചന്മാരെ വെല്ലുവിളിച്ച് അവിടെനിന്ന് പാസായിപോയ K .വേണു , കവി സച്ചിദാനന്ദൻ എന്നിവരായിരുന്നു എന്റെ ജീവിതത്തെ തന്നെ പിന്നീട്  മാറ്റിമറിച്ചത് . സച്ചിദാനന്ദൻ സാർ എന്റെ ഇംഗ്ലീഷ് പ്രൊഫസ്സറായി . കോളേജിലെക്കുള്ള മനോഹരമായ നടപ്പാതയിലൂടെ ഒരുവശം ഒതുങ്ങി ,കാലുകുടയും കുത്തി സൌമ്യനായി നടക്കുന്ന ഈ മനുഷ്യനാണോ തീ പാറുന്ന വിപ്ലവ കവി എന്ന് സംശയം തോന്നിയിരുന്നു . ക്ലാസ്സിൽ നോട്ടൊക്കെ എഴുതിയെടുക്കാൻ പാകത്തിൽ കുട്ടികളെ സഹായിക്കുന്ന അദ്ധ്യാപകൻ , ആനുകാലികങ്ങളിലൊക്കെ കടിച്ചാൽ പൊട്ടാത്ത കവിതകളും ലേഖനങ്ങളും ! അക്കാലത്താണ്  അരവിന്ദന്റെ  'ഉത്തരായണം 'വന്നത് .ഇരിഞ്ഞാലക്കുട പ്രഭാതിൽ .പോയികണ്ടു .ഒന്നും മനസ്സിലായില്ല .പിന്നീട് ഞങ്ങളൊക്കെപ്പാടെ ഉണ്ടാക്കിയ ENHACT എന്ന സംഘടനയുടെ വക സാറിന്റെ ഒരു ചര്ച്ച വച്ചു - "ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനം ,ഉത്തരം കണ്ടുപിടിക്കലല്ല "എന്ന കുമാരൻ മാസ്റ്ററുടെ രവിയോടുള്ള വാക്കുകൾ , സാർ വിവരിച്ചപ്പോൾ വളരെ അർത്ഥവത്തായി തോന്നി .അതുപോലെ ,അതിലെ കഥാ പാത്രങ്ങളായ രവിയുടെ മുത്തച്ഛൻ ഗാന്ധിയനായ മാധവമേനോൻ , വിപ്ലവകാരികളായ കുമാരൻ , അച്ചു , ആവേശം കൊണ്ട് വിപ്ലവത്തിൽ വന്ന് ,മാപ്പുസാക്ഷിയായ കുട്ടൻ , സഹയാത്രികരെ ഒറ്റികൊടുത്ത് വഴിപിരിഞ്ഞുപോകുന്ന ഗോപാലൻ , ബ്രിട്ടീഷുകാരുടെ സ്തുതിപാടകനും ഭീരുവുമായ അധികാരി , അയാളുടെ വീട്ടിൽ 'രണ്ടും 'തിരക്കി ഇടക്കിടക്ക് വരുന്ന ഇൻസ്പെക്ടർ , രവിയുടെ ശുദ്ധയായ മുത്തശ്ശി ..പിന്നെ സിനിമ ഒന്നുകൂടി കണ്ടപ്പോൾ കാര്യങ്ങൾ മനസ്സിലായി .പിന്നെ അവിടുന്നങ്ങോട്ട് സിനിമ (സ്വയംവരം , നിര്മാല്യം ..)പുസ്തകങ്ങൾ (ജാരന്മാരുടെ പാണ്ഡവപുരം , മീസാന്കല്ലുകളുടെ മയ്യഴിപുഴ , രവിയുടെ കസാക്ക് , അവഗണനയുടെ കാലം ..), സചിദാനദന്റെയും ശങ്കരപ്പിള്ളയുടെയും ,ആറ്റൂരിന്റെയും കവിതകൾ ..ഇതുകൂടാതെ അതാ കിട്ടുന്നു, അപ്പോഴേക്കും വിപ്ലവനേതാവായിമാറിയ K .വേണുവിന്റെ 'പ്രപഞ്ചവും മനുഷ്യനും 'ലോകത്തിലുള്ള സകല വിജ്ഞാനവും ഒറ്റ പുസ്തകത്തിൽ ! അതിലെ പ്രപ ഞ്ചൊല്പ്പത്തി തൊട്ട് ചരിത്രപരമായ ഭൗതികവാദം വരെ മനസ്സിനെ പിടിച്ചുനിര്ത്തുന്ന ഒട്ടനവധി കാര്യങ്ങൾ ..പിന്നെ അധികം വേണ്ടിവന്നില്ല , മനസ്സ് ഒരു വശത്തേക്ക് ചരിയാൻ . സചിദാനദന്റെ നേതൃത്ത്വത്തിൽ 'ഇന്ന് 'എന്ന കവിത മാസിക , നേരത്തെ പറഞ്ഞ ENHACT ലും ലിട്ടററി ക്ലബിലുണ്ടായിരുന്ന രത്ന മോഹൻ എഡിറ്ററായി 'വിദ്യാഭ്യാസമെന്ന ഗൂടാലോചന ' എന്ന കോളേജ് മാഗസിൻ , ..അപ്പോഴേക്കും ദിവാകരന്റെ ക്ലാസ് മേറ്റും സുഹൃത്തുമായിരുന്ന സുബ്രമണ്യ ദാസ് വിപ്ലവപ്രവർത്തനത്തിനായി പോകുകയാണെന്ന് പറഞ്ഞ് പോയി ..
      ഈ സമയത്തൊക്കെയും അടിയന്തിരാവസ്ഥയും . "നാവടക്കൂ പണിയെടുക്കൂ ", "ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽഇന്ത്യ " എന്നീ ഗീബല്സധാര്ഷ്ട്യങ്ങളും ! പോരേ പൂരം ? " ഇനി എനിക്ക് ചിലത് പറയാനുണ്ട് ..നമ്മുടേത്‌ ഒരു തുറൂകണ്ണൻസമയമാണ് .എന്റെ ഒരു സഹപാടി ആൽമഹത്യ ചെയ്തു , രണ്ടു മിത്രങ്ങൾ വിഷം കഴിച്ചു .മൂന്ന് പേര്ക്ക് ഇപ്പോഴും ഭ്രാന്താണ് . ഇതിൽ കൂടുതൽ എനിക്കൊന്നുമറിഞ്ഞുകൂടാ . എന്നോടൊന്നും ചോദിക്കുകയുമരുത് ". 'സത്യവാങ്ങ് മൂല'മുള്ള 'ഇന്നിന്റെ 'ഒരു പ്രതിയും കയ്യിൽ പിടിച്ച് ഒറ്റ പോക്കാണ് , കോഴിക്കോട്ടേക്ക് ..




No comments:

Post a Comment